ദേശീയം
ഏക സിവിൽകോഡ് നീക്കം ഊർജിതം; ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാൻ ശ്രമം
ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ലോ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാനാണു ശ്രമം.
ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാൽ രാജ്യസഭയിലും ബിൽ പാസാകാനുള്ള വോട്ടിന്റെ പ്രശ്നമില്ലെന്നാണ് ബിജെപി കരുതുന്നത്.യുസിസി ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നാണു കഴിഞ്ഞ നിയമ കമ്മിഷൻ നിലപാടെടുത്തത്. രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിലും മോദി സർക്കാരിന്റെ താൽപര്യത്തോടു യോജിക്കുന്ന നിലപാടല്ലായിരുന്നു കമ്മിഷന്റേത്. പുതിയ കമ്മിഷൻ രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിൽ സർക്കാരിന്റെ താൽപര്യത്തിനൊത്ത നിലപാടാണെടുത്തിരിക്കുന്നത്. യുസിസിയുടെ കാര്യത്തിലും അത്തരമൊരു സമീപനത്തിനുള്ള സാധ്യതയുണ്ട്.
കേന്ദ്രത്തിൽനിന്നുള്ള നടപടിക്കു കാത്തുനിൽക്കാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും യുസിസിക്കായി നടപടികൾ തുടങ്ങിയിരുന്നു. സജീവമായി മുന്നോട്ടുപോകുന്നത് ഉത്തരാഖണ്ഡാണ്.