കേരളം
മുഖ്യമന്ത്രി വിദേശത്തേക്ക്; യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. അടുത്ത മാസം 8 മുതൽ 18 വരെയാണ് യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യുഎസിൽ ലോക കേരള സഭാ മേഖല സമ്മേളനവും പിന്നെ ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ചയും നടത്തും.
നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടിയത്.
എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു.
മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ട് പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യ മന്താലയം കേരളത്തെ അറിയിച്ചത്.