ദേശീയം
കൊവിഡ് വാക്സിനേഷനില്‍ വിശദ പഠനത്തിന് കേന്ദ്രസര്‍ക്കാര്‍
കൊവിഡ് പ്രതിരോധ വാക്സിനായ ആസ്ട്ര സെനക്കയുടെ കോവിഷീൽഡ് വാക്സിൻ ഒറ്റഡോസിൽ നൽകാൻ കഴിയുമോ എന്ന് പരിശോധിക്കാനൊരുങ്ങി കേന്ദ്രം. വൈറല്‍ വെക്ടര്‍ പ്ലാറ്റ്ഫോം അടിസ്ഥാനമായി നിർമ്മിച്ച വാക്സിനാണ് കോവിഷീൽഡ്. അതേ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ജോൺസൺ ആൻഡ് ജോൺസണും സ്പുട്നിക്കും നിലവിൽ ഒറ്റഡോസ് നൽകുന്നുണ്ട്.
ഈ മാതൃക പിൻതുടരാൻ കഴിയുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വാക്സിന് ട്രാക്കിങ്ങിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ഡേറ്റകള്‍ ശേഖരിച്ച് അവ വിശദമായി പഠിച്ചതിന് ശേഷം ഓഗസ്റ്റ് മാസത്തോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് പഠിക്കുന്നതിനായി മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ പഠനത്തിലൂടെ വാക്സിന് ലഭിച്ചതിന് ശേഷം എത്രകാലം രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന കാര്യം വ്യക്തമാകും.
വാക്സിന് ഡോസുകള്‍ തമ്മിലുളള ഇടവേളകള്‍ വര്‍ധിപ്പിക്കുകയോ, കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ടോയെന്നും ഇതിലൂടെ മനസ്സിലാക്കാനായി സാധിക്കും. അടുത്ത അവലോകനത്തില്‍ വാക്സിന് ഒരു ഡോസ് ഫലപ്രദമാണോയെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം.