ദേശീയം
രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളഘടന മാറുന്നു
ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ രാജ്യത്തെ ജീവനക്കാരുടെ ശമ്പളഘടനയില്‍ മാറ്റം വന്നേക്കും. ഏപ്രില്‍ ഒന്നു മുതലാണ് ശമ്പള ഘടന മാറുക എന്നാണ് സൂചന. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന് പുറമെ, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ഉയര്‍ന്നേക്കും. അതുപോലെ പിഎഫ് വിഹിതം ഉയരുന്നത് കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ ആനുപാതികമായി കുറവ് വരുത്തിയേക്കാം.
കൊവിഡ് കാലത്ത് മുടങ്ങിയ ജീവനക്കാരുടെ ഡിഎ ഒരുമിച്ച് ലഭിക്കും. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷണര്‍മാരുടെയും ഡിഎ മരവിപ്പിച്ച് 37,430.08 കോടി രൂപയാണ് കേന്ദ്രം കണ്ടെത്തിയത്. ഏപ്രില്‍ ഒന്നോടെ പുതിയ വേജ് കോഡും നിലവില്‍ വരും. പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍, ശമ്പള ഘടനയിലും ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകും.
പിഎഫ്, ഗ്രാറ്റുവിറ്റി, ഡിയര്‍നെസ് അലവന്‍സ്, യാത്രാ അലവന്‍സ്, വീട്ടു വാടക അലവന്‍സ് എന്നിവ ഉയരും. സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളത്തുക വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000 രൂപയില്‍ നിന്ന് പ്രതിമാസം 18,000 രൂപയായി ഉയരും എന്നാണ് സൂചന.ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം അവരുടെ മൊത്തം സിടിസിയുടെ കുറഞ്ഞത് 50 ശതമാനം ആയിരിക്കും, പ്രതിമാസ അലവന്‍സുകള്‍ മൊത്തം സിടിസിയുടെ 50 ശതമാനം കവിയാതെ ക്രമീകരിക്കണം.