Covid 19
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ അറിയിപ്പ്
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി. കണ്ടേയിന്മെന്‍റ് സോണുകളിൽ ഉള്ളവർ ഓഫീസുകളിൽ എത്തേണ്ടതില്ലെന്നതടക്കമുള്ള അറിയിപ്പാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അണ്ടർ സെക്രട്ടറിക്ക് താഴെയുള്ള ഉദ്യോഗസ്ഥർക്ക് 50 ശതമാനം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തും. ഉദ്യോഗസ്ഥരിൽ ഗർഭിണികളായവരും, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും ഓഫീസിൽ എത്തേണ്ടതില്ല. ആൾക്കൂട്ടം ഒഴിവാക്കുന്ന രീതിയിൽ ഓഫിസ് സമയം ക്രമീകരിക്കണം തുടങ്ങിയ തീരുമാനങ്ങൾക്കൊപ്പം ഓഫിസുകളിലെ ബയോ മെട്രിക് സംവിധാനം ഒഴിവാക്കിയെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് വീണ്ടും മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. രാജ്യത്താകെ രോഗികളുടെ എണ്ണം 1700 കടന്നു. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണെന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പുക്കുന്നതാണ്.
കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.
അതിനിടെ പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തിയതോടെ പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും.