ദേശീയം
വാക്സിൻ ഉൽപാദനം വർധിപ്പിക്കണം; കൂടുതൽ മരുന്ന് കമ്പനികൾക്ക് അനുമതി നൽകാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് കൊവിഡ് വാക്സിൻ ഉത്പാദനവും വിതരണവും വർധിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം. വാക്സിന്‍ ഉത്പാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങുകയാണ്. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര തീരുമാനം. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു.
ബയോസേഫ്ടി ലെവല്‍ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. പത്തിലധികം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
രാജ്യത്തിന് ആവശ്യമുള്ളത് ഇവിടെ ഉത്പാദിപ്പിച്ച് സംഭരിക്കാമെന്നും അധികമുള്ളത് കയറ്റുമതി ചെയ്യാമെന്നുമാണ് കേന്ദ്രത്തിന്റെ അനുമാനം.ഓഗസ്റ്റ് മുതല്‍ കൂടുതല്‍ വിദേശ വാക്സീന്‍ എത്തി തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വാക്സീന്‍ ഉത്പാദനവും സംഭരണവും കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം.