ദേശീയം
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രം
കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം രൂപ പി.എം കെയേഴ്സ് ഫണ്ടില്‍ നിന്നും മാറ്റിവെക്കും.
18 വയസ്സ് പൂര്‍ത്തിയായാല്‍ ഈ തുകയില്‍ നിന്ന് സ്റ്റൈപ്പന്‍ഡ് നല്‍കും. 23ാം വയസ്സില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക് കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സും ലഭ്യമാക്കും.
കേന്ദ്രീയ, നവോദയ, സൈനിക് സ്കൂളുകളില്‍ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക. കുട്ടികള്‍ക്ക് സ്വകാര്യ സ്കൂളുകളിലാണ് അഡ്മിഷന് ലഭിക്കുന്നതെങ്കില്‍ ഫീസ് സര്‍ക്കാര്‍ വഹിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വായ്പകള്‍ നല്‍കും.
വായ്പ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്റെയും പാക്കേജ്.