ദേശീയം
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ യോഗം വിളിച്ച് കേന്ദ്രം
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിന് പിന്നാലെ അരുണ്‍ ഗോയല്‍ രാജിവെച്ചതിനും പിന്നാലെയാണ് നീക്കം.
അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാല്‍ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം. മാര്‍ച്ച് 15-നകം രണ്ട് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മെഗ്വാളിന്റെ കീഴിലുള്ള സെര്‍ച്ച് കമ്മിറ്റിയും ആഭ്യന്തര വകുപ്പിലെ കാബിനറ്റ് സെക്രട്ടറിമാരും പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പും ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റി രണ്ട് ഒഴിവിലേക്കും അഞ്ച് പേരുകള്‍ വീതമുള്ള രണ്ട് പ്രത്യേക പാനലുകള്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി അടങ്ങുന്ന സെലക്ഷന് കമ്മിറ്റി രാഷ്ട്രപതിയുടെ ഔദ്യോഗിക നിയമനത്തിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കുന്നതിന് രണ്ട് പേരുടെ പേര് നല്‍കും. അംഗങ്ങളുടെ സൗകര്യമനുസരിച്ച് മാര്‍ച്ച് 13-നോ 14-നോ സെലക്ഷന് കമ്മിറ്റി യോഗം ചേരുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.