ദേശീയം
ഓപ്പൺ ബുക്ക് പരീക്ഷയുമായി സിബിഎസ്ഇ; 9-12 ക്ലാസ് പരീക്ഷണം ഈ വർഷം അവസാനത്തോടെ
പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ ( പുസ്തകം തുറന്ന് വച്ച് എഴുതുന്ന പരീക്ഷ) നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ വർഷം നവംബർ – ഡിസംബർ മാസങ്ങളിലായി ഓപ്പൺ ബുക്ക് പരീക്ഷയുടെ ആദ്യ പരീക്ഷണം സിബിഎസ്ഇ നടത്തുമെന്നാണ് വിവരം.
ഒമ്പത്, പത്ത് ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാകും ഇത്തരത്തിൽ പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പാഠ പുസ്തകങ്ങളും മറ്റും പരീക്ഷാഹാളിൽ കൊണ്ട് പോകാനും അത് നോക്കി തന്നെ ഉത്തരങ്ങൾ എഴുതാനും കഴിയും. എന്നാൽ ഓപ്പൺ ബുക്ക് പരീക്ഷകൾ സാധാരണ പരീക്ഷകളെക്കാൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം.
കാര്യങ്ങൾ മനഃപാഠമാക്കുന്നതിന് പകരം വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള ഗ്രാഹ്യവും ആശയങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവും ചിന്താശേഷിയുമെല്ലാം ഓപ്പൺ ബുക്ക് പരീക്ഷ വഴി അളക്കാൻ സാധിക്കും. കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്കും മറ്റും ഈ പരീക്ഷാ രീതി തുല്യ അവസരം ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!