കേരളം
പഞ്ഞി മിഠായിയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു; വ്യാപക പരിശോധന
കൊല്ലം കരുനാഗപ്പള്ളിയില്‍ വസ്ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി ഉണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടുത്തിടെ രൂപം നല്കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന.
ഇന്നലെയായിരുന്നു കരുനാഗപ്പള്ളി പുതിയകാവില്‍ വൃത്തിയില്ലാത്ത പരിസരത്ത് മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചുപൂട്ടിയത്. വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തിയായിരുന്നു പഞ്ഞിമിഠായി നിര്‍മ്മാണം. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്‍പ്പനയ്ക്കായി തയാറാക്കിയിരുന്ന 1000 കവര്‍ മിഠായികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അനധികൃത ഭക്ഷ്യ ഉല്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും ഭക്ഷ്യ സുരക്ഷാനിയമ പ്രകാരം 63, 59 വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
കെട്ടിട ഉടമ അലിയാര്‍കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളില്‍ മിഠായി വിറ്റവരുള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.