ദേശീയം
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്കി. 2022 ഏപ്രില്‍ 1ന് 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് പുതുക്കി നല്‍കില്ലെന്നാണ് റിപ്പോർട്ട്..
കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താനും അഭിപ്രായം അറിയിക്കാനും ബന്ധപ്പെട്ടവര്‍ക്ക് 30 ദിവസം സമയവും അനുവദിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ സ്ക്രാപ്പേജ് പോളിസി എന്ന ആശയം മുന്നോട്ടുവെച്ചത്. സ്ക്രാപ്പേജ് പോളിസി പ്രകാരം വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവുമായാണ് നിജപ്പെടുത്തിയത്. മലിനീകരണം തടയുന്നതിനും രാജ്യത്തെ വാഹന വിപണിയില്‍ വലിയ കുതിപ്പ് സാധ്യമാക്കുന്നതിനുമായാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
കാലാവധി തീർന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി നിരത്തുകളിൽ നിന്നും ഒഴിവാക്കുന്നതിനായി സ്ക്രാപ്പേജ് പോളിസി (പൊളിക്കൽ നയം) നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നിയമത്തിന്റെ പൂർണമായ വിശദാംശം പുറത്തുവന്നിട്ടില്ലെങ്കിലും 2022 ഏപ്രിൽ ഒന്നു മുതൽ സ്ക്രാപ്പേജ് പോളിസി നടപ്പാക്കിത്തുടങ്ങും എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.