കേരളം
കാനറാബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി
പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിറകെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേ[പ വായ്പ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിരിക്കുകയാണ്. ഏഴ് മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് കാനറ ബാങ്ക് പലിശ വർധിപ്പിച്ചിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് 2.90 ശതമാനം മുതൽ 5.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 2.90 ശതമാനം മുതൽ 6.25 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
പുതുക്കിയ നിരക്കുകൾ അറിയാം
ഏഴ് ദിവസം മുതൽ 45 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് കാനറാ ബാങ്ക് 2.90 ശതമാനം പലിശ നൽകുന്നത് തുടരും. 46 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നൽകും. 91 മുതൽ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ നൽകും. 180 മുതൽ 269 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 4.50 ശതമാനത്തിൽ നിന്ന് 4.65 ശതമാനം ആക്കി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.
270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് ഇപ്പോൾ 4.65 ശതമാനം പലിശ നൽകും, മുമ്പ് ഇത് 4.55 ശതമാനം ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.30 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി വർധിപ്പിച്ചു, അതേസമയം 333 ദിവസത്തെ സ്കീമിന്റെ പലിശ നിരക്ക് 5.10 ശതമാനമായി നിലനിർത്തി. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, കാനറ ബാങ്ക് ഇപ്പോൾ 5.55 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നേരത്തെ 5.40 ശതമാനമായിരുന്നു.
മാത്രമല്ല, 666 ദിവസത്തെ നിയക്ഷേപത്തിന് ഉയർന്ന പലിശ നിരക്കായ 6 ശതമാനം നൽകുന്നു. കാനറ ബാങ്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ നിരക്ക് നൽകും, മുമ്പ് ഇത് 5.45 ശതമാനമായിരുന്നു. 3 മുതൽ 5 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 5.75 ശതമാനം പലിശ നൽകും, മുമ്പ് ഇത് 5.70 ശതമാനമായിരുന്നു. അതേസമയം 5 വർഷത്തിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 5.75 ശതമാനമായി നിലനിർത്തി.