Uncategorized
ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു
![](https://citizenkerala.com/wp-content/uploads/2022/02/up-bjp_710x400xt.webp)
ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കര്‍ഷകരെ ഉന്നമിട്ട് വന്‍പ്രഖ്യാപനങ്ങളുമായി ബിജെപിയും സമാജ് വാദി പാര്‍ട്ടിയും പ്രകടനപത്രിക പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഇക്കുറിയും ബിജെപി ഭരിക്കുമെന്ന് ജന്‍ കി ബാത്ത് സര്‍വ്വേ പ്രവചിച്ചു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലേതടക്കം നിര്‍ണ്ണായകമായ അമ്പത്തിയെട്ട് മണ്ഡലങ്ങളിലായി 615 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. കര്‍ഷകര്‍ നിര്‍ണ്ണായക വോട്ടുബാങ്കുകളാകുന്ന ആദ്യഘട്ടത്തില്‍ സൗജന്യ വൈദ്യുതി, കടമെഴുതി തള്ളല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നന്മക്കായിരുന്നുവെന്ന വാദം ആവര്‍ത്തിച്ച അമിത്ഷാ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്തു.
എല്ലാവിളകള്‍ക്കും താങ്ങുവില, 15 ദിവസത്തിനുള്ളില്‍ കരിമ്പ് കര്‍ഷകര്‍ക്ക് പ്രതിഫലം, സൗജന്യ വൈദ്യുതി, പലിശരഹിത വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രികയിലുള്ളത്.ബംഗാളില്‍ ബിജെപിയെ തുരത്താമെങ്കില്‍ യുപിയിലുമാകാമെന്ന മുദ്രാവാക്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഖിലേഷ് യാദവിനായി വോട്ട് തേടി.
228മുതല്‍ 254 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരമെന്നാണ് ജന്‍ കിബാത്ത് സര്‍വ്വേ പ്രവചിക്കുന്നത്. 137 മുതൽ 163 സീറ്റ് വരെ സമാജ് വാദി പാര്‍ട്ടി-ആര്‍എല്‍ഡി സഖ്യത്തിന് പ്രവചിക്കുമ്പോള്‍ ബിഎസ്പിക്ക് അഞ്ച് മുതല്‍ ആറ് സീറ്റ് വരെയും, കോണ്‍ഗ്രസിന് പൂജ്യം മുതല്‍ 2 സീറ്റ് വരെയുമാണ് ജന്‍ കി ബാത്ത് സര്‍വ്വേ പറയുന്നത്. കര്‍ഷക സമരവും, ക്രമസമാധാനവിഷയവും ചര്‍ച്ചയായ യുപിയില്‍ ജാട്ട്, മുസ്ലീം, യാദവ പിന്നാക്ക വിഭാഗങ്ങളുടെ നിലപാടും നിര്‍ണ്ണായകമാകും.