ദേശീയം
അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റം; കൊൽക്കത്ത ഹൈക്കോടതി
അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് കൊൽക്കത്ത ഹൈക്കോടതി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെയുള്ള വകുപ്പ് 354എ, ഐപിസി 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ‘ഡാർലിങ്’ വിളി കുറ്റകരമാകുന്നത്. ജയ് സെൻഗുപ്തയുടെ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു വനിതാ കോൺസ്റ്റബിളിനെ ‘ഡാർലിങ്’ എന്ന് വിളിച്ച കേസിലാണ് വിധി.
‘പൊലീസ് കോൺസ്റ്റബിളോ മറ്റാരോ ആകട്ടെ, അപരിചിതയായ സ്ത്രീയെ തെരുവിൽ വച്ച് മദ്യപിച്ചതോ അല്ലാത്തതോ ആയ പുരുഷൻ ഡാർലിങ് എന്ന് അഭിസംബോധന ചെയ്യുന്നത് കുറ്റകരമാണ്. കൂടാതെ ആ വാക്കിന്റെ ഉപയോഗം ലൈംഗിക ചുവയോടെയാണ്’ എന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ രീതികൾ പ്രകാരം നിലവിൽ ഒരു പുരുഷൻ ഡാർലിങ് എന്ന് വിളിക്കുന്നത് സന്തോഷത്തോടെ അംഗീകരിക്കുന്ന ഒന്നല്ല. പ്രതി മദ്യപാനിയായിരുന്നെങ്കിൽ കുറ്റത്തിന്റെ ആഴം ഇനിയും കൂടുമെന്നും കോടതി പറഞ്ഞു.
ജാനക് റാം എന്നയാൾ വനിതാ കോൺസ്റ്റബിളിനോട് ‘ഹായ് ഡാർലിങ് എന്താ പിഴ ചുമത്താൻ വന്നതാണോ’; എന്ന് ചോദിച്ചതാണ് കേസിനാധാരമായ സംഭവം. ദുർഗ പൂജ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളിനോടാണ് ജാനക് റാം മോശമായി പെരുമാറിയത്. വെബി ജങ്ഷനിലെത്തിയപ്പോൾ ഒരാൾ പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്നുവെന്ന് അറിഞ്ഞു. സ്ഥലത്ത് അക്രമമുണ്ടാക്കാൻ ശ്രമിച്ചയാളെ ഒരു സംഘം കൊണ്ടുപോകുകയും പരാതിക്കാരിയായ പൊലീസ് കോൺസ്റ്റബിൾ പ്രദേശത്ത് സുരക്ഷ മുൻ നിർത്തി അവിടെ തുടരുകയുമായിരുന്നു. ഈ സമയത്താണ് ജാനക് റാം ലൈംഗിക ചുവയോടെ ചോദ്യം ഉന്നയിച്ചത്. ഇയാൾക്കെതിരെ പൊലീസ് കോൺസ്റ്റബിളിന്റെ പരാതിയിൽ കേസെടുത്തു.