കേരളം
ക്യാമ്പസിനുള്ളിൽ പരസ്യമായി സ്നേഹ പ്രകടനങ്ങൾ പാടില്ല; സർക്കുലറുമായി കോഴിക്കോട് എൻ ഐ ടി
ക്യാമ്പസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്ന വിചിത്രമായ സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്താണ് സർക്കുലർ പുറത്തിറക്കിയത്. മറ്റ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ ആഹ്വാനം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യുന്നതിലൂടെ മൃഗസംരക്ഷണ ചിന്തയും അനുകമ്പയും വളരുമെന്നും ബോർഡ് സെക്രട്ടറി ഡോ. സുർജിത് കുമാർ ദത്ത ഇറക്കിയ ഉത്തരവിൽ പറയുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണിത്. പാശ്ചാത്യ രീതിയിലുള്ള വാലന്റൈൻ ദിനാഘോഷം നടക്കുന്ന ഫെബ്രുവരി 14 പശു ആലിംഗത്തിന് തിരഞ്ഞെടുത്തതിലൂടെ പാശ്‌ചാത്യ നാഗരികതയുടെ കടന്നുകയറ്റം മൂലം വിസ്‌മൃതിയിലായ ഇന്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കലാണ് ലക്ഷ്യമത്രേ.
പാശ്‌ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്. പശുവിന് അപാരമായ കഴിവുകളുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നത് വൈകാരികമായ ആനന്ദം നൽകും. അതിനാൽ, എല്ലാ പശു സ്നേഹികളും ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആഘോഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ 14ന് പശു ആലിംഗന ദിനമായി ആഘോഷിക്കുമെന്നും ബോർഡ് അസിസ്റ്റന്റ് സെക്രട്ടറി പ്രാചി ജെയിൻ പറഞ്ഞു.