ദേശീയം
ബംഗാൾ,അസം തെരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
പശ്ചിമബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശീയ സംസ്ഥാന നേതാക്കളുടെ റാലികളോടെയാണ് അവസാന ദിവസത്തെ പ്രചരണം നടക്കുക. മറ്റന്നാളാണ് വോട്ടെടുപ്പ്.
എല്ലാ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായി കഴിഞ്ഞു. കൊവിഡ് ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചാകും വോട്ടിംഗ്. എല്ലാ ബൂത്തുകളിലും കേന്ദ്രസായുധ സേനയെ ഇന്നുമുതൽ വിന്യസിക്കും.പ്രധാനമന്ത്രിയും മമതാ ബാനർജിയും ഇന്നും റാലികളുടെ ഭാഗമാകും. ഇന്ന് പ്രചരണം അവസാനിക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ 27 സീറ്റുകളും തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.
അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കും നിർണായകമാണ് ഈ സീറ്റുകളിലെ വിജയം. അതുകൊണ്ട് തന്നെ അതിശക്തമായ പ്രചരണമാണ് ഈ മണ്ഡലങ്ങൾ കേന്ദ്രികരിച്ച് നടന്ന് വരുന്നത്.
അസമിൽ ഇന്ന് പ്രചരണം അവസനിക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളിൽ അസാംഗണപരിഷത്ത് 8 ഉം കോൺഗ്രസ് 9 ഉം എഐയുഡിഎഫ് 2 ഉം ഒരിടത്ത് സ്വതന്ത്രനും 2016 ൽ വിജയിച്ചു. അകെയുള്ള 126 സീറ്റുകളിൽ 100 ൽ അധികം സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം.