കേരളം
4ജി സേവനങ്ങൾ അടുത്ത വർഷം; 2023 ഓഗസ്റ്റ് 15 മുതൽ 5ജി; നീക്കവുമായി ബിഎസ്എൻഎൽ
4ജി സേവനങ്ങൾ അടുത്ത വർഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാൻ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. അതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.
2023 ജനുവരിയോടെ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയില്‍ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്. ജനുവരിയില്‍ 4ജിയിലേക്ക് മാറാന്‍ സാധിച്ചാല്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്.
ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ 2023 ജനുവരിയില്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. ഒപ്പം 2023 ഓഗസ്റ്റില്‍ തന്നെ 5ജി എത്തിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരേ സമയം തന്നെ 4ജി, 5ജി വിന്യാസം സംഭവിക്കുമെന്നും അതുവഴി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലും അദ്ദേഹം ബിഎസ്എന്‍എലിന്റെ 5ജി പദ്ധതി വെളിപ്പെടുത്തിയിരുന്നു.
തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലാണ് ബിഎസ്എന്‍എല്‍ 4ജി സൗകര്യമൊരുക്കുന്നത്. ഇതിന് വേണ്ടി ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസുമായും സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായും (സി-ഡോട്ട്) ബിഎസ്എന്‍എല്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.
-
തദ്ദേശീയമായി വികസിപ്പിച്ച 5ജി കോര്‍ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണം പൂര്‍ത്തിയാക്കി 2023 ഓഗസ്റ്റ് 15 മുതല്‍ 5ജി നെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.