Covid 19
വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് കുഞ്ഞിന് കോവിഡ് പ്രതിരോധ ശേഷി; പുതിയ പഠനം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. അമ്മമാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി കുഞ്ഞുങ്ങള്‍ക്ക് ലഭിക്കും. ഇത് കോവിഡിനെ ചെറുക്കാന്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെഡിക്കല്‍ ജേര്‍ണലായ ബ്രെസ്റ്റ്ഫീഡിങിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് പഠനറിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കുന്നതു വഴി അമ്മമാരുടെ മുലപ്പാലില്‍ കോവിഡിനെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം വര്‍ധിക്കും.
ഇത് കോവിഡിനെ ചെറുക്കാനുള്ള കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ഫ്‌ളോറിഡ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോസഫ് ലാര്‍ക്കിന്‍ പറയുന്നു.ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധര്‍.
ഈ പശ്ചാത്തലത്തില്‍ മുലപ്പാലിലൂടെ കോവിഡിനെ ചെറുക്കാനുള്ള രോഗപ്രതിരോധശേഷി ലഭിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ ഏറെ സഹായകമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ഡിസംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.