കേരളം
ബ്രഹ്മപുരം തീപിടിത്തം; പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിൽ അവധി
ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകൾക്ക് ഇന്നും നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് അവധി.
വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍, കിന്റര്‍ ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യ സംസ്ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും.
ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.