കേരളം
നാല്, അഞ്ച്, ആറ് തിയ്യതികളില്‍ അതിര്‍ത്തികള്‍ സീല്‍ ചെയ്യും
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടറും ജില്ലാ പോലിസ് മേധാവിയും നടത്തിയ യോഗത്തിലാണ് തിരുമാനം. മംഗളൂരു, കുടക്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ സംബന്ധിച്ചത്.അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പോലിസ്, എക്സൈസ്, റവന്യൂ സ്ക്വാഡ് എന്നിവര്‍ സംയുക്തമായാണ് പരിശോധിക്കുക. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് അതിര്‍ത്തി ജില്ലകള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തിരുമാനമായി.
യോഗത്തില്‍ കളക്ടര്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, ജില്ലാ പോലിസ് മേധാവി പി.ബി രാജീവ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബാബു വര്‍ഗ്ഗീസ്, കസ്റ്റംസ് കമാന്‍ഡര്‍ ഇമാമുദീന് അഹമ്മദ്, ഇന്‍കം ടാക്സ് ഓഫീസര്‍ പ്രീത നമ്ബ്യാര്‍, കുടക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ചാരുലത സോമാല്‍, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ രാജേന്ദ്ര കെ വി, കണ്ണൂര്‍ ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക നിരീക്ഷകർ സംസ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് പ്രത്യേക നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ജില്ലാ തലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ചവർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. പ്രത്യേക പോലീസ് നിരീക്ഷകനും പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകനും ചേർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉൾപ്പടെ വിലയിരുത്തുക.
മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്.
പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനുമാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ഇരുവരും ചർച്ച നടത്തിയിരുന്നു.