ദേശീയം
കാറ്റടിച്ചപ്പോൾ ഗർഭിണിയായി; ഒരുമണിക്കൂറിൽ പ്രസവവും’; യുവതിയുടെ വിചിത്രവാദം
‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു…’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.
‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ – യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.
എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാർത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യൽ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാർ എത്തിച്ചേരാൻ തുടങ്ങി. വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും സിതിയെ സന്ദർശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവർത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാൽ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റി ക്ലിനിക് തലവൻ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.