ദേശീയം
പ്രധാനമന്ത്രി മോദിക്കൊപ്പം വിരുന്ന്; അധികം വൈകാതെ എംപി ബിജെപിയിൽ ചേര്‍ന്നു, സീറ്റ് ഉറപ്പിച്ചെന്ന് സൂചന
ബിഎസ്പി എംപി റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍നിന്നുള്ള എംപിയാണ് റിതേഷ് പാണ്ഡേ. പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തിൽ റിതേഷ് പാണ്ഡേയും പങ്കെടുത്തിരുന്നു. റിതേഷ് പാണ്ഡേയുടെ പിതാവ് രാകേഷ് പാണ്ഡേ ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ കൂടിയാണ്. പാര്‍ട്ടി വിടുന്നതായി ഇന്ന് രാവിലെയാണ് റിതേഷ് പാണ്ഡേ സോഷ്യല്‍ മീഡിയയില്‍ കൂടെ അറിയിച്ചത്.
തുടര്‍ന്ന് ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തില്‍ റിതേഷ് പാണ്ഡയെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കുറച്ച് കാലമായി തന്നെ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിളിക്കുന്നില്ലെന്നും നേതൃപരമായ തീരുമാനങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും പാര്‍ട്ടി അധ്യക്ഷ മായാവതിക്ക് അയച്ച കത്തില്‍ റിതേഷ് പാണ്ഡേ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളേയും മായാവതിയേയും കാണാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അനുമതി ലഭിച്ചില്ല.
പാര്‍ട്ടി തന്‍റെ സേവനം ആവശ്യമില്ലെന്ന് മനസിലാക്കി. ഇതോടെ മറ്റ് വഴികള്‍ ഇല്ലാതായതോടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്നും കത്തില്‍ പറയുന്നു. അതേസമയം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസലുമായി റിതേഷ് പാണ്ഡെ ബന്ധപ്പെട്ടിരുന്നുവെന്നും നിലവിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന സീറ്റിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായുമാണ് റിപ്പോർട്ട്. റിതേഷ് പാണ്ഡെയും രാജി വിവരം പുറത്ത് വന്നതിന് പിന്നാലെ മായവതിയും പ്രതികരിച്ചിട്ടുണ്ട്.
എംപിമാര്‍ തങ്ങളുടെ മണ്ഡലത്തെ ശരിയായി പരിഗണിച്ചോയെന്നും ജനങ്ങള്‍ക്കുവേണ്ടി സമയം മാറ്റിവെച്ചോയെന്നും സ്വയം പരിശോധിക്കണമെന്നും മായാവതി എക്‌സില്‍ കുറിച്ചു. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുകയും ഗുണകരമല്ലാത്ത ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത എംപിമാര്‍ക്ക് വീണ്ടും സ്ഥാനാര്‍ഥിത്വം കൊടുക്കാന്‍ കഴിയുമോയെന്നും മായാവതി ചോദ്യം ഉന്നയിച്ചിട്ടുണ്ട്.