ദേശീയം
ദീപാവലി ഓഫറുമായി ബാങ്കുകള്‍! ഭവന വായ്പാനിരക്കില്‍ മുക്കാല്‍ ശതമാനം വരെ ഇളവ്, പ്രോസസിംഗ് ഫീസ് ഒഴിവാക്കി
ദീപാവലിയോടനുബന്ധിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഭവന വായ്പാനിരക്ക് കുറച്ചു. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പാനിരക്കില്‍ കാല്‍ശതമാനത്തിന്റെ വരെ കുറവാണ് പ്രഖ്യാപിച്ചത്. പലിശനിരക്ക് 8.40 ശതമാനത്തില്‍ തുടങ്ങുന്ന ഭവനവായ്പകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, 2023 ജനുവരി വരെയുള്ള ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളിൽ നിന്നും ഫിനാൻസ് കമ്പനികളിൽ നിന്നും നിലവിലുള്ള ഭവന വായ്പകൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ഈ ഇളവ് ബാധകമാണ്.
ഭവനവായ്പയുടെ കൂടെ മറ്റൊരു വായ്പ കൂടി അനുവദിക്കുന്ന ടോപ്പ്- അപ്പ് വായ്പകള്‍ക്ക് 0.15 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചത്. വസ്തുവിന്മേലുള്ള വായ്പകള്‍ക്ക് 0.30 ശതമാനത്തിന്റെ ഇളവും ലഭിക്കും. 2023 ജനുവരി വരെ ഭവനവായ്പകള്‍ക്കുള്ള പ്രോസസിംഗ് ഫീസ് എസ്ബിഐ ഒഴിവാക്കിയതാണ് മറ്റൊരു ഓഫര്‍.
ഭവന വായ്പയുടെ പലിശനിരക്കില്‍ 30 മുതല്‍ 70 ബേസിക് പോയന്റിന്റെ വരെ കുറവാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വരുത്തിയത്. വര്‍ഷം കുറഞ്ഞത് എട്ടുശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കാനുള്ള സാഹചര്യമാണ് ബാങ്ക് ഒരുക്കിയത്.
പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ 750 ഉം അതില്‍ കൂടുതലും ഉള്ള ഇടപാടുകാര്‍ക്ക് 8.4 ശതമാനം പലിശനിരക്കില്‍ ഭവനവായ്പ അനുവദിക്കുമെന്നാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫര്‍.
നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ ഭവനവായ്പയുടെ പലിശനിരക്ക് 8.60 ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെയാണ്. ബജാജ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡും ഭവന വായ്പാനിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്കും ഉത്സവ ബോണസയുമായി എത്തിയിട്ടുണ്ട്. ബാങ്കിൽ, ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് ഹോം ലോണും പ്രീ-അപ്രൂവ്ഡ് ബാലൻസ് ട്രാൻസ്ഫറും 999 രൂപ പ്രോസസ്സിംഗ് ഫീസിൽ ലഭിക്കും. ഭവനവായ്പയ്ക്കും ബാലൻസ് ട്രാൻസ്ഫറിനും യഥാക്രമം 2,999 രൂപയും 999 രൂപയും പ്രോസസിംഗ് ഫീസും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് അതാത് ബാങ്കുകളുമായി ബന്ധപ്പെടുക.