ദേശീയം
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമര്‍ശം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യുപി കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെയാണ് റോബര്‍ട്ട്‌സ്ഗഞ്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അപകീര്‍ത്തിപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി നേതാവ് പുഷ്പ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് ദുരുദ്ദേശത്തോടെയാണെന്നായിരുന്നു അജയ് റായ് പ്രസ്താവിച്ചത്.
രാഹുല്‍ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയവര്‍ മത്സരിച്ച സീറ്റാണ് അമേഠി. ഭെല്‍ അടക്കം അവര്‍ ആരംഭിച്ച കമ്പനികളും വികസനപ്രവര്‍ത്തനങ്ങളും നിരവധിയാണ്. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ പകുതിയിലേറെയും അടഞ്ഞു കിടക്കുകയാണെന്നും അജയ് റായ് കുറ്റപ്പെടുത്തി. അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്‌സഭയിലെത്തിയത്.
രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ നല്‍കിയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നുമുളള ഇത്തരം പരാമര്‍ശം അപമാനകരമാണെന്ന് ബിജെപി വക്താവ് ആനന്ദ് ദുബെ പ്രതികരിച്ചു. കേന്ദ്ര മന്ത്രിക്കെതിരായ മോശം പരാമര്‍ശത്തില്‍ അജയ് റായ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.