ദേശീയം
അങ്കണവാടി ജീവനക്കാർക്ക് ആയുഷ്‌മാൻ ഭാരത് ആനുകൂല്യം; ഓണറേറിയം 4,500 രൂപയായി ഉയർത്തിയെന്ന് വനിത ശിശു ക്ഷേമ മന്ത്രാലയം
രാജ്യത്തുടനീളമുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വനിത ശിശു ക്ഷേമ മന്ത്രാലയം. ഇന്നലെ (ബുധന്‍) രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്‌തമാക്കിയത് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ അങ്കണവാടി ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
“രാജ്യത്തുടനീളമുള്ള എല്ലാ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തുന്നതിന് സർക്കാർ ആയുഷ്‌മാൻ ഭാരതിൻ്റെ കവറേജ് വിപുലീകരിച്ചു. ഇത് എല്ലാ അങ്കണവാടി വർക്കർമാര്‍ക്കും ഹെൽപ്പർമാർക്കും പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ നൽകും,” മന്ത്രാലയം വ്യക്തമാക്കി.
പ്രധാന അങ്കണവാടി കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഓണറേറിയം പ്രതിമാസം 3,000 രൂപയിൽ നിന്ന് 4,500 രൂപയായി ഉയർത്തിയതായും മന്ത്രാലയം അറിയിച്ചു. അങ്കണവാടി സേവനങ്ങൾ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്, പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാന ഭരണകൂടത്തിൻ്റെ പരിധിയിൽ വരുന്നു. 2023 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 13,48,135 അങ്കണവാടി വർക്കർമാരും 10,23,068 ഹെൽപ്പർമാരുമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
“മന്ത്രാലയം പുറപ്പെടുവിച്ച സാക്ഷം അങ്കന്‍വാടി, പോഷൺ 2.0 എന്നീ മാർഗനിർദേശങ്ങൾ അനുസരിച്ച്, അങ്കണവാടി വർക്കർമാർക്കുള്ള പ്രൊമോഷൻ അവസരങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. വർക്കർമാരുടെ 50 ശതമാനം തസ്‌തികകളും അഞ്ച് വർഷത്തെ പരിചയമുള്ള ഹെല്‍പര്‍മാരുടെ സ്ഥാനക്കയറ്റം വഴി നടത്തും. സമാനമായ സൂപ്പർവൈസർമാരുടെ നിയമനം അങ്കണവാടി വർക്കർമാർക്ക് പ്രൊമോഷൻ നൽകി നടപ്പാക്കുമെന്നും വനിത ശിശു ക്ഷേമ മന്ത്രാലയം അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക