ദേശീയം
അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ് : മഹാരാഷ്ട്ര പ്രഖ്യാപിച്ച അവധി ശരിവച്ച് ബോംബെ ഹൈക്കോടതി
അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച അവധി ശരിവച്ച് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹർജിക്കാർക്ക് രേഖകൾ ഹാജരാക്കാനായില്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയാണ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്.
നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യ ഹര്‍ജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
എംഎന്‍എല്‍യു, മുംബൈ, ജിഎല്‍സി, എന്‍ഐആര്‍എംഎ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്ബൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.