കേരളം
അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു
അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നൽകിയിരുന്നു.
രാത്രി കൃഷ്ണക്കരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറ്. എന്നാൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. മറ്റ് വഴികളില്ലെങ്കിൽ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.