ദേശീയം
ഡിഫന്‍സ് അക്കാദമിയില്‍ വനിതകള്‍ക്കു പ്രവേശനം; തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
ഡിഫന്‍സ് അക്കാദമിയില്‍ വനിതകള്‍ക്കു പ്രവേശനം നല്‍കാന്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലും പ്രതിരോധ സേനകളുടെ ഉന്നതതലത്തിലും തീരുമാനമായിട്ടുണ്ടെന്ന്, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു.
വനിതകളുടെ പ്രവേശനത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായി സത്യവാങ്മൂലം നല്‍കുന്നതിന് കേന്ദ്രം കോടതിയുടെ അനുമതി തേടി. ഈ വര്‍ഷം നിലവിലെ രീതിയില്‍ പ്രവേശനം തുടരാന്‍ അനുവദിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ഥിച്ചു. വനിതകളുടെ പ്രവേശനത്തിനായി നടപടിക്രമങ്ങളിലും അടിസ്ഥാന സൗകര്യത്തിലും ഒരുക്കങ്ങള്‍ ആവശ്യമാണെന്ന് ഭട്ടി പറഞ്ഞു.
കോടതിയുടെ ഇടപെടല്‍ ഇല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുകയാണ് ഉചിതമെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കോടതിയുടെ ഇടപെടല്‍ ഇല്ലാതെ ഇതൊന്നും നടക്കുന്നില്ല എന്നത് സുഖകരമായ കാര്യമല്ല. സായുധ സേനകള്‍ രാജ്യത്തെ ഏറെ ബഹുമാന്യരായ വിഭാഗമാണ്. എന്നാല്‍ ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ അവര്‍ ഇനിയും ചെയ്യാനുണ്ട്- കോടതി പറഞ്ഞു.
എന്‍ഡിഎയിലെ വനിതാ പ്രവേശനം സംബന്ധിച്ച് സേനായുടെ തലപ്പത്ത് തീരുമാനമായതില്‍ സന്തോഷമുണ്ട്. ഇതു സംബന്ധിച്ച് വിശദാശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.