കേരളം
അരിക്കൊമ്പന് ചികിത്സ നൽകണം, കേരളത്തിന് കൈമാറണം: ഹൈക്കോടതിയെ സമീപിച്ച് സാബു എം ജേക്കബ്
അരിക്കൊമ്പനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ ചികിത്സ നൽകണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനുള്ള നീക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. വനം വകുപ്പ് ജീവനക്കാർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കാട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മാത്രമേ അരിക്കൊമ്പനെ മയക്ക് വെടിവെക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടിയായിരുന്നു. ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാൻ സജ്ജമാണ്. മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അരികൊമ്പന്റെ തുമ്പി കൈയിലേറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.