കേരളം
‘വൈദികര്‍ തോന്നുന്ന പോലെ കുര്‍ബാന അര്‍പ്പിക്കരുത്’; മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടില്‍
കുര്‍ബാന തര്‍ക്കത്തില്‍ വൈദികര്‍ക്ക് മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. വൈദികര്‍ക്ക് തോന്നുന്ന പോലെ കുര്‍ബാന അര്‍പ്പിക്കാനാകില്ല. കുര്‍ബാന അര്‍പ്പണം സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയിലായിരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കൂദാശാ കര്‍മ്മത്തിനിടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ മുന്നറിയിപ്പ്. വൈദികരുടെ സൗകര്യം അനുസരിച്ച് കുര്‍ബാന സമയം തീരുമാനിക്കുന്ന ശീലവും മാറണം. കുര്‍ബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു.
സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടത്തണമെന്ന് രേഖാമൂലം സിനഡ് ആവശ്യപ്പെട്ടിരുന്നു. സിനഡിന്റെ അവസാന ദിനമായ ജനുവരി 13-ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ സമ്മേളിച്ച സിനഡിൽ പങ്കെടുത്ത 49 മെത്രാന്മാരും ആർച്ച് ബിഷപ്പും ഒപ്പുവെച്ച സർക്കുലറാണ് വൈദികർക്ക് അയച്ചിട്ടുള്ളത്.
2023 ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയുടെ ഏകീകൃത രീതിയിലുള്ള കുർബാന അർപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെയും നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സഭയിൽ നിലവിലുള്ള അഭിപ്രായ ഭിന്നതകൾ മറന്നുകൊണ്ട് മാർപ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.