ദേശീയം
എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം; 334 ഒഴിവ്
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (അഫ്കാറ്റ്) അപേക്ഷിക്കാം. ഒപ്പം വ്യോമസേനയിലെ എൻ.സി.സി. സ്പെഷ്യൽ എൻട്രിക്കും മീറ്റിയറോളജി എൻട്രിക്കും അപേക്ഷിക്കാം. ആകെ 334 ഒഴിവ്. പെർമനന്റ് കമ്മിഷനുള്ള കമ്പൈൻഡ് ഡിഫെൻസ് സർവീസസ് എക്സാമിനേഷൻ (സി.ഡി.എസ്.ഇ.) ഒഴിവുകളിൽ പത്തു ശതമാനവും ഷോർട്ട് സർവീസ് കമ്മിഷനുള്ള അഫ്കാറ്റ് ഒഴിവുകളിൽ പത്തുശതമാനവും എൻ.സി.സി. സ്പെഷ്യൽ എൻട്രിയാണ്. പരിശീലനം 2022 ജൂലായിൽ ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമിയിൽ തുടങ്ങും. 25 വയസ്സിൽ താഴെയുള്ളവർ കോഴ്സ് തുടങ്ങുമ്പോൾ നിർബന്ധമായും അവിവാഹിതരായിരിക്കണം. ബ്രാഞ്ച്, യോഗ്യത എന്നിവ ക്രമത്തിൽ.
ഫ്ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ): മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം. കൂടാതെ 60 ശതമാനം മാർക്കോടെ ബിരുദമോ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. കോഴ്സോ 60 ശതമാനം മാർക്കോടെ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെയോ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെയോ എ, ബി പരീക്ഷകളോ വിജയിച്ചിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗത്തിൽ ബിരുദയോഗ്യത പരിഗണിക്കില്ല.
അക്കൗണ്ട്സ്: പ്ലസ് ടു, 60 ശതമാനം മാർക്കോടെ കൊമേഴ്സ്/ ബി.ബി.എ./ മാനേജ്മെന്റ് സ്റ്റഡീസ്/ സയൻസ് എന്നിവയിൽ ബിരുദമോ സി.എ./ സി.എം.എ./ സി.എസ്./ സി.എഫ്.എ.യോ. ബിരുദ കോഴ്സിന് ഫിനാൻസിൽ സ്പെഷ്യലൈസേഷൻ വേണം.
മീറ്റിയറോളജി: ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങളോടുകൂടിയ ബിരുദ കോഴ്സിൽ 55 ശതമാനം മാർക്കോടെ വിജയവും 50 ശതമാനം മാർക്കോടെ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും.
പ്രായപരിധി
ഫ്ളൈയിങ് ബ്രാഞ്ചിന്റെ പ്രായപരിധി 20-24 വയസ്സാണ്. 1998 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളവർക്ക് പ്രായപരിധി 20-26 വയസ്സാണ്. അതായത്, 1996 ജൂലായ് 2-നും 2002 ജൂലായ് 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അവസാനത്തീയതി: ജൂൺ 30.
വിവരങ്ങൾക്ക്: www.afcat.cdac.in