ദേശീയം
എസ്.എസ്.എൽ.വി ഡി 2 വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം എസ്.എസ്.എൽ.വി ഡി 2 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.18ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് എസ്.എസ്.എൽ.വി വിക്ഷേപിച്ചത്. പേടകത്തിന്‍റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്.
ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -07), അമേരിക്കൻ ഉപഗ്രഹം ജാനസ് 1, ‘സ്പേസ് കിഡ്സ് ഇന്ത്യ’ വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്2’ എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് എസ്.എസ്.എൽ.വി ഭ്രമണപഥത്തിൽ എത്തിച്ചു.
2022 ആഗസ്റ്റ് ഏഴിന് നടന്ന എസ്.എസ്.എൽ.വിയുടെ ആദ്യ ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായിരുന്നെങ്കിലും സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ പ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്.
പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കു ശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിർമിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. 10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 450 കിലോമീറ്റർ താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും.
എസ്.എസ്.എൽ.വിക്ക് 34 മീറ്റർ ആണ് നീളം. പി.എസ്.എൽ.വിയേക്കാൾ 10 മീറ്റർ കുറവ്. ചുറ്റളവ് രണ്ടു മീറ്ററാണ്. വാണിജ്യ ദൗത്യങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് പേടകം ഒരുക്കിയിരിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായതിനാല്‍ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്.എസ്.എല്‍.വിയെ തേടി ആവശ്യക്കാർ എത്തുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ വിലയിരുത്തൽ.