ദേശീയം
ഭര്‍ത്താവിന്റെ പിതാവുമായുള്ള തര്‍ക്കത്തിനൊടുവില്‍ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി
ഭര്‍ത്താവിന്റെ പിതാവുമായുള്ള തര്‍ക്കത്തിനൊടുവില്‍ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതനുസരിച്ച്, പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്ബാണ് പരമേശ്വരി ശിവകുമാറിനെ വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് മക്കളുമുണ്ട്. രണ്ട് വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകനെയാണ് പരമേശ്വരി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച ശിവകുമാര്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. ശിവകുമാറിന്റെ പിതാവ് വെങ്കട്ടയയ്യുമായി പരമേശ്വരി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇതിന് ശേഷമാണ് മകന്‍ ധനുഷിനെ പരമേശ്വരി കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് പരമേശ്വരി മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
വാതരോഗിയാണ് ശിവകുമാറിന്റെ പിതാവ് വെങ്കട്ടയ്യ. പുകവലിക്കരുതെന്ന് ഇദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും പറയുന്നത് ചെവിക്കൊള്ളാതെ വെങ്കട്ടയ്യ പുകവലി തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട സംസാരമാണ് പരമേശ്വരിയുമായി വഴക്കില്‍ എത്തിയത്.
ഭര്‍തൃപിതാവുമായി വഴക്കുണ്ടായതിന് ശേഷം ഇളയമകനുമൊത്ത് മുറിയില്‍ കയറിയ പരമേശ്വരി മകനെ കൊല്ലുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഒരു ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് മകന്‍ മരിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ബന്ധു ചോദിച്ചെങ്കിലും പരമേശ്വരി ആദ്യം സത്യം പറഞ്ഞില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് താന്‍ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചത്. ഭര്‍തൃപിതാവുമായുള്ള വഴക്കിനെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നും പരമേശ്വരി പൊലീസിനോട് പറഞ്ഞു.
കൊലപാതക കുറ്റത്തിന് പരമേശ്വരിയെ അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മറ്റൊരു സംഭവത്തില്‍, പിതാവിനും കാമുകനുമൊപ്പം ഗൂഢാലോചന നടത്തി ഭര്‍ത്താവിനെ ഡീസല്‍ ഒഴിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ജ് ജില്ലയിലാണ് സംഭവം. യുവാവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി.
അമിത് കുമാര്‍(25) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ അമിത് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിയായിരുന്നു. ഞായറാഴ്ച്ചയാണ് മരണം സംഭവിച്ചത്. തുടര്‍ന്നാണ് യുവാവിന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമെതിരെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.
മകന്റെ മരണത്തില്‍ മരുമകളും അച്ഛനും അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് അമിത് കുമാറിന്റെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. മരണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. അമിത് കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അമിത് കുമാറിനെ ഭാര്യയും പിതാവും കാമുകനും ചേര്‍ന്ന് ഡീസലൊഴിച്ച് കത്തിച്ചു എന്നാണ് കേസ്. വീട്ടില്‍ നിന്നും ശനിയാഴ്ച്ച വൈകിട്ട് 6.30 ഓടെ സുഹൃത്തായ ഹേമന്ദ് എന്നയാളാണ് അമിത്തിനെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയതെന്ന് പിതാവ് സുരേഷ് ചന്ദ്ര പറയുന്നു.
ഇതിന് ശേഷം ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മകനെ താന്‍ കാണുന്നതെന്നും പിതാവ് പറയുന്നു. അമിത്തിന്റെ ഭാര്യ സംഗീതയ്ക്ക് രാകേഷ് എന്നയാളുമായി രഹസ്യബന്ധമുണ്ടായിരുന്നതായി സുരേഷ് ചന്ദ്ര ആരോപിച്ചു.