ദേശീയം
പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ; ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം
കനത്ത മഞ്ഞു വീഴ്ചയിലും ആവേശം ചോരാതെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം. പ്രതികൂല കാലാവസ്ഥയിലും ഭാരജ് ജോഡോ സമാപന സമ്മേളനത്തില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനത്തിനും മരം കോച്ചുന്ന തണുപ്പിലും ശ്രീനഗര്‍ സാക്ഷ്യം വഹിച്ചു.
ഡിഎംകെ, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ബിഎസ്പി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ, ആര്‍എസ്പി, വിടുതലെ ചിരുതൈ കട്ച്ചി, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് സമാപനസമ്മേളനത്തില്‍ പങ്കെടുത്തത്. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടു നിന്നു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ നാമെല്ലാം ഒത്തുചേര്‍ന്ന് പൊരുതി രാജ്യത്തിന് സ്വാതന്ത്ര്യം നേടി. അതുപോലെ, ബിജെപി രാജിനെ നേരിടാനും രാജ്യത്തെ മതേതര പാര്‍ട്ടികളെല്ലാം ഒത്തുചേരണമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഇത്തരമൊരു യാത്ര നടത്തിയ രാഹുല്‍ഗാന്ധിയെ താനും തന്റെ പാര്‍ട്ടിയും അഭിനന്ദിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഭാരജ് ജോഡോ യാത്ര വന്‍ വിജയമായിരുന്നു. ഇതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടേക്ക് ഒരു യാത്ര കൂടി സംഘടിപ്പിക്കണമെന്ന് രാഹുലിനോട് അഭ്യര്‍ത്ഥിക്കുന്നു. ആ കാല്‍നടയാത്രയില്‍ താനും പങ്കാളിയാകുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. രാഹുല്‍ഗാന്ധിയില്‍ രാജ്യം പ്രതീക്ഷയുടെ ഒരു നാളമാണ് കാണുന്നതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബുബ മുഫ്തി പറഞ്ഞു.
ഇതൊരു ചരിത്രനിമിഷമാണെന്നും, രാജ്യത്തെ ഭിന്നിക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തിനുള്ള യഥാര്‍ത്ഥ നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് തെളിഞ്ഞതായും ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 12 പൊതുസമ്മേളനങ്ങളും നൂറോളം കോര്‍ണര്‍ യോഗങ്ങളും 13 വാര്‍ത്താസമ്മേളനങ്ങളും രാഹുല്‍ ഗാന്ധി നടത്തിയിരുന്നു.