ദേശീയം
ചരിത്രത്തിലെ ഏറ്റവും വലിയ ‘ഡീലിന്’ ഒരുങ്ങി എയര്‍ഇന്ത്യ
അടുത്തിടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 300 വിമാനങ്ങള്‍ വാങ്ങി കമ്പനിയെ വിപുലീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ എയര്‍ഇന്ത്യയില്‍ ത്വരിതഗതിയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എയര്‍ബസ് , ബോയിങ് കമ്പനികളുടെ വിമാനം വാങ്ങാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു. എയര്‍ബസിന്റെ എസ്ഇ എ320 നിയോ ജെറ്റോ ബോയിങ്ങിന്റെ 737 മാക്‌സ് മോഡലുകളോ വാങ്ങാനാണ് കമ്പനി നീക്കം നടത്തുന്നത്. ചിലപ്പോള്‍ രണ്ടു കമ്പനികളുടെ വിമാനങ്ങള്‍ ഒരുമിച്ച് വാങ്ങാനും ആലോചനയുണ്ട്.
ബോയിങ്ങിന്റെ 737 മാസ്‌ക് വിമാനം 300 എണ്ണം വാങ്ങാന്‍ പദ്ധതിയിട്ടാല്‍ ഏകദേശം 4000 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ചെലവ് വരും.
300 വിമാനങ്ങള്‍ വാങ്ങുന്ന ഇടപാട് പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. ചിലപ്പോള്‍ പത്തുവര്‍ഷം വരെ എടുക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ഭാരം കുറഞ്ഞ നാരോ ബോഡിയോട് കൂടിയ ജെറ്റുകള്‍ മാസംതോറും 50 എണ്ണമാണ് എയര്‍ബസ് നിര്‍മ്മിക്കുന്നത്. 2023 ഓടേ ഇത് 65 ആയി വര്‍ധിപ്പിക്കാന്‍ എര്‍ബസിന് പദ്ധതിയുണ്ട്.