കേരളം
പനവല്ലിയില്‍ വീണ്ടും കടുവയിറങ്ങി; ജനവാസ മേഖലയിലിറങ്ങി പശുവിനെ കൊന്നു
വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു.
തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്.
അതേ സമയം ഓഗസ്റ്റ് ആദ്യവാരത്തില്‍ പുല്‍പ്പള്ളിയില്‍ ആടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റിരുന്നു. പള്ളിച്ചിറ കോളനിയിലെ ബോളന് (73) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് കാട്ടാനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. വനപാലകരെത്തിയാണ് ബോളനെ ആശുപത്രിയിലെത്തിച്ചത്. കേള്‍വി കുറവുള്ള ബോളന് കാട്ടാന അടുത്തെത്തിയത് അറിയാതെ പോവുകയായിരുന്നു.