കേരളം
ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; കുറവൻകോണം, അമ്പലമുക്ക് ഭാഗങ്ങളിലായി തെരച്ചിൽ
തിരുവനന്തപുരം മൃഗശാലയിലെ നിന്ന് ഹനുമാൻ കുരങ്ങ് വീണ്ടും പുറത്ത് കടന്നുവെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ ഇരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ ഹനുമാൻ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഹനുമാൻ കുരങ്ങിനായി മൃഗശാലയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ നടക്കുന്നുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തിൽ, തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപോയത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് പോയ ഹനുമാൻ കുരങ്ങ് പിന്നീട് തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയിരുന്നു.
കാട്ടുപോത്തിന്റെ കൂടിന് അടുത്തുള്ള ഒരു മരത്തിന് മുകളിൽ രണ്ട് ദിവസമായി ഇരുപ്പ് ഉറപ്പിച്ചിരിക്കുകയായിരുന്നു ഹനുമാൻ കുരങ്ങ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല. എന്നാല്‍, കുരങ്ങിനെ ഇന്ന് രാവിലെ മുതൽ കാണാനില്ലെന്നാണ് ലഭിക്കുന്ന വിവരം. കുരങ്ങിനായി കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളിലായി തെരച്ചിൽ നടത്തുകയാണ്.