ദേശീയം
‘പ്രതിഷേധങ്ങളിൽ പിന്നോട്ടില്ല…; ലക്ഷദ്വീപിൽ നടപടികളുമായി മുന്നോട്ട് നീങ്ങാൻ നിർദ്ദേശം നൽകി അഡ്മിനിസ്ട്രേറ്റര്‍
ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം.
പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തിയതായാണ് വിവരം. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതൽ പ്രതിഷേധക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. കൽപേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്ട്രേറ്റർക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകൾ പിടിച്ചെടുക്കാൻ കാരണം.
ലക്ഷദ്വീപിൽ കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പ്രഫുൽ പട്ടേൽ. നേരത്തെ ലക്ഷദ്വീപിലെ കരാർ ജീവനക്കാരെ പിരിച്ചു വിട്ടത് വൻ തോതിൽ വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാർക്കെതിരെയും നടപടി വരുന്നത്. എല്ലാ നിയമനരീതികളും പുനപരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.