കേരളം
നടൻ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം ഇന്ന്
അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന്. കണ്ണമ്പറത്ത് ഖസര്‍സ്ഥാനില്‍ രാവിലെ 10 മണിക്കാണ് കബറടക്കം. ബുധനാഴ്‌ച കോഴിക്കോട്ടെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച പൊതുദർശനം രാത്രി വരെ നീണ്ടു. മലയാളത്തിന്റെ ഹാസ്യസമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങളാണ് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്.
ഈ മാസം 24 ന് കാളികാവില്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പുറമെ തലച്ചോറില്‍ ഉണ്ടായ രക്തസ്രാവം മാമുക്കോയയുടെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം.
നാടക നടനായാണ് മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെടി മുഹമ്മദിന്റെ നാടകങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളര്‍ന്നത്. രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.