ദേശീയം
ചെങ്കോട്ട സംഘര്‍ഷത്തില്‍ ആരോപണം നേരിട്ട നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു; കാറില്‍ ഉണ്ടായിരുന്ന നടി അത്ഭുതകരമായി രക്ഷപ്പെട്ടു
പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കർഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കർഷകർ എത്തിയ സംഭവത്തിൽ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ നിന്നു പഞ്ചാബിലെ ഭട്ടിൻഡയിലേക്കു കാറിൽ പോകവേ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നും ആക്രമണത്തിന് കർഷകരെ പ്രേരിപ്പിച്ചെന്നുമായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. ചെങ്കോട്ടയിൽ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയർത്തിയത് വിവാദമായിരുന്നു.
2015ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിൻറെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം. സണ്ണി ഡിയോളിൻറെ അടുത്ത അനുയായി ആയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സജീവമായി. എന്നാൽ കർഷക സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സണ്ണി ഡിയോൾ സിദ്ദുവിനെ തള്ളിപറഞ്ഞു. മോദിക്കും അമിത് ഷാക്കും ഒപ്പം നിൽക്കുന്ന ദീപ് സിദ്ദുവിൻറെ ചിത്രങ്ങളും കർഷക സമരത്തിന് ഇടയിൽ പുറത്തുവന്നു.
ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയർത്തിയതും ദീപ് സിദ്ദുവാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കളിൽ നിന്നും ഉയർന്നിരുന്നു. ദീപ് സിദ്ദുവിനൊപ്പം കാറില്‍ ഉണ്ടായിരുന്ന നടിയും സുഹൃത്തുമായ റീന റായ് അത്ഭുതകരമായി രക്ഷപ്പെട്ടതായി പൊലീസ്. വാഹനാപകടത്തില്‍ കാര്യമായി ക്ഷതമേല്‍ക്കാതിരുന്ന കാറിന്റെ ഇടതുഭാഗത്ത് ഇരുന്നിരുന്ന റീന റായ് എയര്‍ബാഗിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.
വാഹനം ഇടിച്ച നിമിഷം തന്നെ എയര്‍ബാഗ് തുറന്നത് മൂലമാണ് റീന റായിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. റീന റായ് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നു. വാഹനാപകട സമയത്ത് എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ എയര്‍ബാഗ് തകരാതിരുന്നതും രക്ഷയായി. റീനയുടെ തലയ്ക്കും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍ നിന്ന്് എയര്‍ബാഗ് സംരക്ഷണം നല്‍കിയതായും പൊലീസ് പറയുന്നു.ദീപ് സിദ്ദു ഇരുന്ന ഭാഗത്തെ എയര്‍ബാഗ് പൊട്ടി തകര്‍ന്നുപോയതും മരണത്തിന് ഒരു കാരണമായാണ് വിലയിരുത്തുന്നത്.