ദേശീയം
രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി ഹർഭജൻ സിങ്; എഎപിയുടെ പഞ്ചാബിലെ രാജ്യസഭാ സ്ഥാനാർഥി
ഗൗതം ഗംഭീറിനു പിന്നാലെ, മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങ്ങും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. പഞ്ചാബ് സംസ്ഥാനത്തിൽനിന്നു രാജ്യസഭയിലേക്കുള്ള സ്ഥാനാർഥിയായി ആം ആദ്മി പാർട്ടി ഹർഭജൻ സിങ്ങിനെ പ്രഖ്യാപിച്ചു. അടുത്ത മാസത്തോടെ 5 രാജ്യസഭാ സീറ്റുകളാണു പഞ്ചാബിൽ ഒഴിവു വരുന്നത്. സീറ്റുകളിലേക്കു നാമ നിർദേശം സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.
117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി ഭരണത്തിലെത്തിയത്. രാജ്യസഭാംഗത്തെ ജയിപ്പിക്കാൻ വേണ്ട ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ, കോൺഗ്രസ് ഉൾപ്പെടയുള്ള മറ്റു രാഷ്ട്രീയ കക്ഷികൾ രാജ്യസഭയിലേക്കുള്ള സ്ഥാനാർഥിയുടെ പേരു നാമനിർദേശം ചെയ്തേക്കില്ല. ഈ സാഹചര്യത്തിൽ 5 പ്രതിനിധികളെ ജയിപ്പിച്ചെടുക്കാനാണ് ആം ആദ്മി പാർട്ടിക്ക് അവസരം ഒരുങ്ങുന്നത്. മാർച്ച് 31നാണു തിരഞ്ഞെടുപ്പ്.
18 വർഷം നീണ്ട രാജ്യാന്തര കരിയറിൽ 700ൽ അധികം വിക്കറ്റ് നേടിയതിനു ശേഷമായിരുന്നു ക്രിക്കറ്റിൽനിന്നുള്ള ഹർഭജന്റെ വിടവാങ്ങൽ. വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടു മുൻപ്, 41 കാരനായ ഹർഭജൻ സിങ് മുൻ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഹർഭജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പിന്നാലെ ഹർഭജൻ ഇതു നിഷേധിക്കുകയും ചെയ്തു. പഞ്ചാബ് സംസ്ഥാനത്ത് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമാണു ഹർഭജൻ. ഡൽഹിയിൽനിന്നുള്ള ബിജെപി എംപിയാണു ഗൗതം ഗംഭീർ.