ദേശീയം
വളർച്ചയിൽ കുതിപ്പ്, തൊഴിലിൽ തളർച്ച; ഇന്ത്യയിൽ പണിയില്ലാതാകാൻ ഒരേയൊരു കാരണം; തലയുയർത്തി കേരളം
ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കിയിട്ടും, ഈ യോഗ്യതയൊന്നും ആവശ്യമില്ലാത്ത അറ്റൻ്റർ ജോലിക്ക് അപേക്ഷിച്ച് പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന യുവത. ഇന്ത്യയുടെ തൊഴിൽ മേഖലയുടെ പരിതാപകരമായ സ്ഥിതി തുറന്നുപറയുന്നതാണ് അണ്ടർ എംപ്ലോയ്മെൻ്റ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ മാത്രം 8.4% വളർച്ച നേടിയ ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ് ഇവിടെ തൊഴിലില്ലാതെ ദുരവസ്ഥയിൽ കഴിയുന്ന കോടിക്കണക്കിന് വരുന്ന യുവാക്കളുടെ എണ്ണം.
സാമ്പത്തിക മുന്നേറ്റത്തിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ കരുത്താകുന്നത് പതിറ്റാണ്ടുകളായി സർവീസ് സെക്ടറിൽ രേഖപ്പെടുത്തിയ വലിയ മുന്നേറ്റമാണ്. ഇത് തന്നെയാണ് തൊഴിൽ അവസരങ്ങൾ കുറയാൻ കാരണവും. മാനുഫാക്ചറിങ് മേഖല പോലെ സർവീസ് രംഗം കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നില്ലെന്നതാണ് പ്രയാസമാകുന്നത്.
കോളേജ് വിദ്യാഭ്യാസം നേടിയവരുടെ തൊഴിലില്ലായ്മയിൽ രാജ്യം വളരെയേറെ മുന്നിലാണ്. ഈയടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെൻ്റും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് തയ്യാറാക്കി പുറത്തുവിട്ട ഇന്ത്യ എംപ്ലോയ്മെൻ്റ് റിപ്പോർട്ട് 2024 ലും ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ 83% യുവാക്കളാണ്. 2000 ത്തിൽ എസ്എസ്എൽസിക്ക് മേലെ വിദ്യാഭ്യാസം ഉണ്ടായിരുന്നവരിലെ തൊഴിലില്ലായ്മ നിരക്ക് 35.2% ആയിരുന്നെങ്കിൽ 2022 ൽ ഇത് 65.7% ആയി മാറി. യുവാക്കളിലെ തൊഴിലില്ലായ്മയിൽ ആഗോള ശരാശരിയിലും മേലെയാണ് ഇന്ത്യയിലെ കണക്ക്.
തൊഴിലില്ലായ്മ പ്രശ്നം കൂടൂതലും നേരിടുന്നത് രാജ്യത്തെ സ്ത്രീകളാണ്. രാജ്യത്തെ 40 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിൽ 76.7% പേർക്കും പുരുഷന്മാരിൽ 62.2% പേർക്കും തൊഴിലില്ല. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ നാലിലൊന്ന് ഭാഗം മാത്രമാണ് സ്ത്രീകളെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്.