ദേശീയം
ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കിണറ്റില്‍ തള്ളിയിട്ടു; വീഡിയോ ചിത്രീകരിച്ച് സ്ത്രീധനം ആവശ്യപ്പെട്ടു
സ്ത്രീധനത്തിനായി ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ തള്ളിയിട്ട് ഭര്‍ത്താവ്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലായിരുന്നു സംഭം. സ്ത്രീധനത്തിന് വേണ്ടിയായിരുന്നു ഭാര്യയെ യുവാവ് കിണറ്റില്‍ തള്ളിയട്ടത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട ശേഷം വീഡിയോ ചിത്രീകരിച്ച് രക്ഷിതാക്കള്‍ക്ക് അയച്ച് നല്കി സ്ത്രീധനം ആവശ്യപ്പടുകയും ചെയ്തു. കിണറ്റില്‍ ഉണ്ടായിരുന്ന കയറില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്ന യുവതിയെ ദൃശ്യങ്ങളില്‍ കാണാം. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.
ഭര്‍ത്താവ് രാകേഷ് തന്നെയാണ് ഭാര്യയെ കയര്‍ ഉപയോഗിച്ച് കിണറിന് പുറത്തേക്ക് വലിച്ചുകയറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കിണറിനകത്ത് കയറില്‍ തൂങ്ങിക്കിടക്കുന്ന ഭാര്യയെയും കിണറ്റിന് മുകളില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന രാകേഷിന്റെ കാലുകളും പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയും. മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
ഭര്‍ത്താവും ഇയാളുടെ മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. യുവതിയുടെ പരാതിയില്‍ 498-എ, 323, 506 എന്നീ വകുപ്പുകള്‍ പ്രകാരം രാകേഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.