ദേശീയം
നഷ്ടപരിഹാര തുക കൊണ്ട് മകന്റെ ഫീസ് അടക്കാൻ 45 കാരി ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
തമിഴ്‌നാട്ടിൽ 45 കാരിയായ സ്ത്രീ ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സേലത്ത് കളക്ടറുടെ ഓഫീസിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. തൻ്റെ മരണത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക കൊണ്ട് മകന്റെ കോളജ് ഫീസ് അടക്കാൻ വേണ്ടിയാണ് ഇവർ ഈ കടുംകൈ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 28 നാണ് പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടിയത്. റോഡപകടത്തിൽ മരിച്ചാൽ സർക്കാർ നഷ്ടപരിഹാരം നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞ് ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ തുക കിട്ടുമെന്ന് കരുതിയാണ് പാപ്പാത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ ദിവസം തന്നെ, മറ്റൊരു ബസിന് മുന്നിലേക്ക് ചാടാനും ഇവർ ശ്രമം നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
എന്നാൽ ബസിനുപകരം ഇരുചക്രവാഹനമാണ് യുവതിയെ ഇടിച്ചത്. കാര്യമായി ഒന്നും സംഭവിക്കാതിരുന്നതിനാൽ നിമിഷങ്ങൾക്കകം മറ്റൊരു ബസിന് മുന്നിലേക്ക് ഇവർ ചാടുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് പാപ്പാപ്പതി മരിച്ചത്. മകന്റെ കോളജ് ഫീസ് അടക്കാൻ കഴിയാതെ വന്നതോടെ പാപ്പാത്തി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ പാപ്പാപ്പതി കഴിഞ്ഞ 15 വർഷമായി ഒറ്റയ്ക്കാണ് മക്കളെ വളർത്തുന്നത്.