ദേശീയം
കോടീശ്വരന്റെ മകൻ 30000 രൂപയുടെ കടം തീർക്കാനായി വയോധികനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു
കടം തീർക്കാനുള്ള പണത്തിനായി വയോധികനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ. ബെംഗളൂരു ദേവനഹള്ളി സ്വദേശി രാകേഷി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം.
ദേവനഹള്ളി സ്വദേശിയായ മൂർത്തി(65)യെയാണ് രാകേഷ് കൊലപ്പെടുത്തിയത്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. മൂർത്തി ധരിച്ചിരുന്ന സ്വർണാഭരണങ്ങളും കവർന്നു. ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മൂർത്തിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. മൃതദേഹം കണ്ടെടുത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
30000 രൂപയുടെ കടം തീർക്കാനായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നിറയെ ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്ന മൂർത്തിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. കടം തീർക്കാൻ പണം ആവശ്യമായി വന്നതോടെ മൂർത്തിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ തീരുമാനിച്ചു. തുടർന്നാണ് ജനുവരി 15-ന് കൃത്യം നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂർത്തിയിൽനിന്ന് കവർന്ന ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.
ബെംഗളൂരുവിലെ ഉന്നത കുടുംബത്തിലെ അംഗമാണ് രാകേഷ്. ഉയർന്നസാമ്പത്തിക നിലയുള്ള കുടുംബത്തിൽനിന്നുള്ള അംഗം മുപ്പതിനായിരം രൂപയുടെ കടബാധ്യത തീർക്കാൻ ഒരാളെ കൊലപ്പെടുത്തിയത് പോലീസിനെയും അമ്പരിപ്പിച്ചു. പ്രതിയുടെ പിതാവിന്റെ പേരിൽ മാത്രം ദേവനഹള്ളിയിൽ ഏഴ് കോടിയിലധികം രൂപയുടെ ആസ്തികളുണ്ട്.