കാലാവസ്ഥ
കനത്ത മഴ; വാഗമണ്‍ റോഡില്‍ രാത്രിയാത്ര നിരോധിച്ചു
ശക്തമായ മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കോട്ടയത്ത് വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തി. കോട്ടയത്തിന്റെ മലയോര മേഖലയിലുള്ള പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിറക്കി. കോട്ടയത്ത് ശക്തമായ മഴയില്‍ മീനച്ചിലാര്‍ കരകവിയാറായിരിക്കുകയാണ്. മീനച്ചിലാറിന്റെ സമീപ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
കൂടാതെ കടുത്തുരുത്തി ആപ്പാഞ്ചിറ പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വെള്ളം കയറി. തലനാട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഇടുക്കി മലയോര മേഖലകളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ്. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രാനിരോധനം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കും.
മലയോര മേഖലകളിലെ വിനോ?ദസഞ്ചാര കേന്ദ്രങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയാണ് കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. നാളെ പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ അപകടങ്ങള്‍ക്ക് സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ മോശമായതിനാല്‍ കേരള ലക്ഷദ്വീപീരങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കടലാക്രമണം രൂക്ഷമായാല്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറി താമസിക്കണം എന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.