Covid 19
ജനിതകമാറ്റം മാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു
അതിവേഗം പടരുന്ന തരത്തിൽ ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസ് ഇന്ത്യയിലും. രാജ്യത്ത് 6 പേരിൽ ഈ വൈറസ് കണ്ടതായി ആരോഗ്യ മന്ത്രാലയം.
ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്.
ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.
വൈറസിന്റെ അപകടകരമായ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സൗദി അറേബ്യയും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയിലും ജനിതകമാറ്റം വന്ന പുതിയ വൈറസ് സ്‌ട്രെയിന്‍ കണ്ടെത്തിയത്.
അതേസമയം കോവിഡിന്റെ ആദ്യ വരവില്‍ ഉണ്ടായതിനേക്കാളേറെ രോഗികള്‍ ആശുപ്ത്രികളില്‍ ചികിത്സ തേടിയെത്തുന്ന സാഹചര്യം ഉടലെടുത്തതോടെ കൂടുതല്‍ കര്‍ശനമായ ടയര്‍ 5 നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുകയാണ് ബ്രിട്ടന്‍. എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം ഇന്നലെ രാവിലെ വിവിധ ആശുപത്രികളിലായി 20,426 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കൃത്യം ഒരാഴ്ച്ച മുന്‍പ് ഇവരുടെ എണ്ണം 17,700 ആയിരുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി സംജാതമായതോടെ നവംബറിലെ ലോക്ക്ഡൗണില്‍ ഉണ്ടായിരുന്നതിനേക്കാളേറേ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ശാസ്ത്രോപദേശക സമിതി ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടു.