ദേശീയം
ദില്ലിയിലെ ഇന്ത്യ സഖ്യ റാലിക്ക് അനുമതി, ഖാർഗെയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പങ്കെടുക്കും
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. ഞായറാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ റാലി തീരുമാനിച്ചത്. ദില്ലി പൊലീസിന്റെ അനുമതി കിട്ടിയെന്ന് സംഘാടകർ അറിയിച്ചു. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും റാലിയിൽ പങ്കെടുക്കും. മമത ബാനർജിയും എംകെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു.
ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത്ത. നേരത്തെ തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിതയെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർന്നാണ് സമരത്തിന് തീരുമാനിച്ചത്.
അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ നിലപാടുമായി അമേരിക്ക രംഗത്ത് വന്നു. നിയമ നടപടികൾ സുതാര്യവും നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്കയുടെ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.