ദേശീയം
വീൽ ചെയറിൽ ഇരിക്കുന്നവർക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാം; ഐഐടി മദ്രാസ് ‘നിയോസ്റ്റാൻഡ്’ പുറത്തിറക്കി
പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ സഹായിക്കുന്ന വീൽ ചെയർ നിർമിച്ച് മദ്രാസ് ഐഐടി. ‘നിയോസ്റ്റാൻഡ്’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാണ്. നിയോസ്റ്റാൻഡിൽ നൽകിയിരിക്കുന്ന ഒരു ബട്ടണിൽ സ്പർശിക്കുന്നതോടെ വീൽ ചെയർ, ഇരിക്കുന്ന അവസ്ഥയിൽ നിന്ന് ഉയർന്നുപൊങ്ങി, നിൽക്കുന്ന അവസ്ഥയിലേക്ക് മാറുന്നതിന് സഹായിക്കും.
വാണിജ്യാടിസ്ഥാനത്തിൽ ഐഐടി മദ്രാസ് സ്റ്റാർട്ട്-അപ് ആയ നിയോ മോഷൻ മുഖേന നിയോസ്റ്റാൻഡ് വിപണിയിൽ എത്തിക്കാണ് പദ്ധതി. ഐഐടി മദ്രാസിലെ ടിടികെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്പ്‌മെന്റ് മേധാവി പ്രൊഫ. സുജാതാ ശ്രീനിവാസനാണ് നിയോസ്റ്റാൻഡ് പ്രോജക്ട് വികസിപ്പിക്കുന്നതിനു നേതൃത്വം നൽകിയത്.
ഐഐടി മദ്രാസിലെ ഫാക്കൽറ്റികൾ നയിക്കുന്ന വളരെ പ്രധാനപ്പെട്ട ഗവേഷണത്തിലൊന്നാണ് നിയോസ്റ്റാൻഡെന്നു ഐഐടി മദ്രാസ് ഡയറക്ടർ, പ്രൊഫ. വി കാമകോടി പറഞ്ഞു. നിയോസ്റ്റാൻഡിന്റെ കാര്യത്തിൽ, വീൽചെയറിൽ ഇരിക്കുന്ന ഒരാളിനെ ഇരിക്കുന്ന അവസ്ഥയിൽ നിന്ന് എഴുന്നേറ്റ് നിൽക്കാൻ കേവലം ഒരു സ്വിച്ച് ഉപയോഗിക്കേണ്ട ആവശ്യമേ ഉള്ളൂവെന്നുവെന്ന് പ്രൊഫ. സുജാതാ ശ്രീനിവാസൻ പറഞ്ഞു.