ദേശീയം
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പ്രതിദിന കണക്കിൽ മുന്നില്‍ കേരളം
രാജ്യത്ത് ആശ്വാസം ഉയർത്തി കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് കേസുകൾ മുപ്പതിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് തുടർച്ചയായ പതിനൊന്നാം ദിവസമാണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 1,01,23,778 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96,93,173 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2,83,849 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്.
രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 29,791 പേരാണ് കോവിഡ് മുക്തരായത്. അതുപോലെ തന്നെ മരണനിരക്കിലും കുറവു വരുന്നതും ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 312 മരണങ്ങൾ ഉൾപ്പെടെ ആകെ 1,46,756 മരണങ്ങളാണ് രാജ്യത്ത് കോവിഡ് മൂലമുണ്ടായത്.
ദേശീയതലത്തിലെ കോവിഡ് കണക്കുകൾ ആശ്വാസം നൽകുന്നുണ്ടെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ആശങ്കയായി നിൽക്കുന്നുണ്ട്. പ്രതിദിന കോവിഡ് കണക്കിൽ മുന്‍പന്തിയിൽ നിൽക്കുന്ന സംസ്ഥാനം നിലവിൽ കേരളമാണ്. കഴിഞ്ഞ ദിവസം മാത്രം 6169 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ പ്രതിദിനം അയ്യായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏക സംസ്ഥാനവും കേരളമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിൽ ഇതിന് പിന്നാലെയാണ് കോവിഡ് കേസുകൾ വീണ്ടും വര്‍ധിക്കാൻ തുടങ്ങിയത്. പ്രതിദിന കണക്കിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 3913 പേർക്കാണ് കഴിഞ്ഞ ദിവസം ഇവിടെ രോഗം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ് എന്നിവയാണ് ആയിരത്തിന് മുകളിൽ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ.